റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ 160 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച എട്ട് വിദേശികളെ അതിർത്തി രക്ഷാസേന അറസ്റ്റ് ചെയ്തു. ജീസാനിലെ അൽ ദായർ സെക്ടറിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ചെടിയായ ഖാത്ത് പിടിച്ചെടുത്തത്.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് ഖാത്ത് കടത്താൻ ശ്രമിച്ച എത്യോപ്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു.
അറസ്റ്റിലായ പ്രതികൾക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഇവരെയും പിടിച്ചെടുത്ത 160 കിലോഗ്രാം ഖാത്തും തുടർനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായും അധികൃതർ അറിയിച്ചു.




