തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വിശാഖാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇരുവരും തമ്മിൽ നേരത്തേ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രദീപിനെ ആക്രമിച്ച കേസിൽ മുമ്പ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിൽവാസത്തിന് ശേഷം അടുത്തിടെയാണ് വിശാഖ് പുറത്തിറങ്ങിയത്. അതിനുശേഷവും ഇരുവരും തമ്മിൽ തർക്കങ്ങൾ തുടർന്നിരുന്നതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് രണ്ട് ദിവസം മുൻപും ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പാൽക്കുളങ്ങരയിൽ വെച്ച് പ്രദീപ് വിശാഖിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വിശാഖിനും ആക്രമണം നടത്തിയ പ്രദീപിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി വഞ്ചിയൂർ പൊലീസ് വ്യാപക അന്വേഷണം ഊർജിതമാക്കി.



