ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരിൽ പെൺകുഞ്ഞായതിനാൽ 13 ദിവസം പ്രായമുള്ള നവജാതശിശുവിനെ അച്ഛൻ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ഇമ്രാനെ അറസ്റ്റ് ചെയ്തു. ഇമ്രാൻ–മസ്‌കീൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും പെൺകുട്ടിയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ വീണ്ടും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത് വീട്ടിലെ ഭൂഗർഭ കുടിവെള്ള ടാങ്കിൽ എറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രാവിലെ കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തി. ഇമ്രാൻ ആദ്യം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞെങ്കിലും സംശയത്തെ തുടർന്ന് ടാങ്കിലെ വെള്ളം വറ്റിച്ചപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് മാതാവ് മസ്‌കീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ചോദ്യംചെയ്യലിനിടെ ഇമ്രാൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


