ലിവർപൂൾ: ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനകം 30,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷം ഒടുവിൽ അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചു. 186 യാത്രക്കാരുമായി കാനറി ദ്വീപുകളിലെ ടെനറീഫിൽ നിന്ന് ബ്രിട്ടനിലെ ലിവർപൂളിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് സാങ്കേതിക തകരാറല്ലാത്ത കാരണത്താൽ തിരിച്ചിറക്കേണ്ടിവന്നത്.
വിമാനത്തിനുള്ളിൽ രണ്ട് യാത്രാസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുൻനിർത്തി പൈലറ്റ് വിമാനം ടെനറീഫ് സൗത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
എയർ ട്രാഫിക് കൺട്രോളിന്റെ വിവരമനുസരിച്ച്, പത്തോളം പേരടങ്ങിയ ഒരു സംഘമാണ് സംഘർഷത്തിന് തുടക്കമിട്ടത്. വിമാനത്തിനുള്ളിൽ ചില യാത്രക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന് ഈസിജെറ്റും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിമാനം ടെനറീഫിൽ സുരക്ഷിതമായി ഇറങ്ങിയ ഉടൻ സ്പാനിഷ് സിവിൽ ഗാർഡ് വിമാനത്താവളത്തിലെത്തി നടപടികൾ സ്വീകരിച്ചു. ഒരുമിച്ച് യാത്ര ചെയ്തിരുന്ന രണ്ട് മുതിർന്നവരും ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്ന എട്ടംഗ സംഘത്തെ വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ വിമാനത്താവള ടെർമിനലിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും, അതേ പ്രശ്നമാണ് വിമാനത്തിനുള്ളിലും തുടർന്നതെന്നും സ്പാനിഷ് പോലീസ് അറിയിച്ചു.
സംഘർഷത്തിൽ പങ്കെടുത്തവരെ പുറത്താക്കിയ ശേഷം വിമാനം ലിവർപൂളിലേക്കുള്ള യാത്ര പുനരാരംഭിച്ചു.











