ചെങ്ങന്നൂർ: നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. നഗരസഭ ഇന്റേണൽ വിജിലൻസ് വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തിയത്.
മത്സ്യ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. നിയമം ലംഘിച്ച് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ നഗരസഭ അധികൃതർ പിഴ ചുമത്തി.
ഇന്റേണൽ വിജിലൻസ് ഓഫീസർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എം. ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി. അശ്വതി എന്നിവർ പങ്കെടുത്തു.
നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും നഗരസഭയുടെ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.











