ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ‘നമ്മൾ ലക്ഷ്യം നേടി. ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കാൻ കഴിഞ്ഞു’ എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിലൂടെ ലക്ഷ്യം നേടാനാകുമെന്ന് മഹാത്മാ ഗാന്ധിയിൽ നിന്ന് പഠിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ ആഘോഷം. ഈ വിദ്യാർഥികൾക്ക് വേണ്ടിയുള്ള നീതിയുടെ ഭാഗമാണ് മന്ത്രിയുടെ രാജിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
സിജെപി കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. നീറ്റ് വിഷയത്തിൽ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ.
ആദ്യ രണ്ട് ആവശ്യങ്ങളിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും മന്ത്രിയുടെ രാജി സംബന്ധിച്ച് തീരുമാനമുണ്ടായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമാക്കുമെന്ന് സിജെപി അറിയിച്ചതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്ന് സമരനേതാക്കൾ അവകാശപ്പെട്ടു.


