കൊൽക്കത്ത: പശ്ചിമബംഗാളിൽ ലൈംഗികാതിക്രമണ പരാതിയെ തുടർന്ന് കോളേജ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും മുട്ടയെറിയുകയും ചെയ്തു. ഗോബർഡാംഗ ഹിന്ദു കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചററായിരുന്ന സന്ദീപ് ദത്തയെയാണ് വിദ്യാർഥികൾ തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. തുടർന്ന് ഇയാളെ ഗോബർഡാംഗ പോലീസിന് കൈമാറി. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു.
സൗജന്യമായി ട്യൂഷൻ നൽകാമെന്ന് പറഞ്ഞ് സമീപിച്ച അധ്യാപകൻ പിന്നീട് നിരന്തരം ശല്യം ചെയ്യുകയും അനുചിതമായി പെരുമാറുകയും ചെയ്തെന്നാണ് വിദ്യാർഥിനിയുടെ പരാതി. സ്വകാര്യ ട്യൂഷനിൽ പങ്കെടുക്കാൻ വിസമ്മതിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് മുതിർന്ന വിദ്യാർഥികളെ അറിയിച്ചതോടെയാണ് അധ്യാപകനെ ചോദ്യം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചത്. അധ്യാപകനെ ചൂലുകൊണ്ട് അടിക്കുകയും ചെരുപ്പുമാല അണിയിക്കുകയും മുട്ടയെറിയുകയും ചെയ്തശേഷമാണ് വിദ്യാർഥികൾ പോലീസിന് കൈമാറിയത്.
മറ്റ് ചില വിദ്യാർഥിനികളും അധ്യാപകനെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചു. പരാതി നൽകിയാലും തനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് അവരുടെ ആരോപണം. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയുടെ ലൈംഗികാതിക്രമണ പരാതിയും അധ്യാപകനെ പൊതുസ്ഥലത്ത് ആക്രമിച്ച സംഭവവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.











