തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായി ഉയർന്ന പരാതികളെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ ചില തീരുമാനങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി വർധിപ്പിച്ചു. നടപടികൾ നിരീക്ഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. പുതിയ സർക്കുലർ പ്രകാരം ബുക്കിംഗ് നടത്തിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്ലോട്ട് ലഭ്യമാക്കും.
റീ-ടെസ്റ്റിനുള്ള ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ എട്ട് ദിവസത്തിനുള്ളിലും ലേണേഴ്സ് ലൈസൻസ് ടെസ്റ്റിനുള്ള സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസം കുറയ്ക്കാനാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.











