ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ നടന്ന സി.ജെ.പി. പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വ്യാപകമായി കേസെടുക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസ് നടപടി നടക്കുന്നതെന്ന് സി.ജെ.പി. ആരോപിച്ചു. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഡൽഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ സമരക്കാരെതിരെ കേസെടുക്കില്ലെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ അത് ലംഘിക്കപ്പെടുകയാണെന്നും രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും അടിയന്തരമായി പിൻവലിക്കണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു. സർക്കാർ വാഗ്ദാനം പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുള്ള വിശ്വാസവഞ്ചനയാകുമെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സിൽ പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് സർക്കാർ നാളെ നൽകാനിരിക്കെയാണ് വാഗ്ദാനലംഘന ആരോപണം ശക്തമാകുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അതേസമയം, രാഷ്ട്രീയ പാർട്ടി രൂപീകരണം ഇപ്പോൾ പരിഗണനയിലില്ലെന്നാണ് സി.ജെ.പി. വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച വിവാദത്തിലും ഇടപെടാൻ ആലോചനയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കാനും കോളജുകളിലും സർവകലാശാലകളിലും സംഘടനാ ഘടകങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, സി.ജെ.പി.യുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് സ്വീകരിച്ച നടപടിയിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും കേന്ദ്രസേനകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഹർജികളിൽ വിശദമായ വാദം നാളെ കേൾക്കുമെന്നും കോടതി അറിയിച്ചു.
അതേസമയം, വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു സി.ആർ.പി.എഫ്. ജവാനാണെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് വെടിയുതിർത്തതായും ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നുണ്ട്.












