ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരെ നേരിട്ട പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സേനയ്ക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജവാനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ദ്രുതകർമ സേനയുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായതായി ആഭ്യന്തര വിലയിരുത്തലിൽ കണ്ടെത്തി. വിദ്യാർഥി പ്രതിഷേധം നിയന്ത്രിക്കാൻ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
സേനാംഗങ്ങളെ വിന്യസിക്കുന്നതിന് മുമ്പ് ആവശ്യമായ നിർദേശങ്ങളും ചുമതലകളും നൽകുന്നതിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പല ഉദ്യോഗസ്ഥരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഇനി നിർദേശം ലഭിക്കുന്നതുവരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആന്റി റയറ്റ് ഗൺ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സേനയുടെ പ്രവർത്തനം സംബന്ധിച്ച് പ്രൊഫഷണൽ വിലയിരുത്തൽ നടത്തുമെന്ന് സി ആർ പി എഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.
പാർലമെന്റ് മാർച്ചിനിടെ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനാംഗങ്ങൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിനിടെ പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.


