പാരിസ്: ഫ്രാൻസിലെ പാരിസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണം നടന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ആക്രമിക്കപ്പെട്ടവരിൽ രണ്ട് പേർ ഗർഭിണികളാണെന്നാണ് വിവരം.
പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. 19, 24, 36 വയസ്സുള്ള സ്ത്രീകളാണ് ആക്രമണത്തിനിരയായത്.
അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവ് സ്ത്രീകളെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നീണ്ട മുടിയും ക്രീം നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ധരിച്ചിരുന്ന പ്രതി റോഡിലൂടെ നടന്നുപോയ സ്ത്രീകളെയാണ് ആക്രമിച്ചത്.
ഒരു സ്ത്രീയുടെ മുതുകിൽ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ടു. മുഹമ്മദ് അലി ബൗഹദ്ജാർ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നാണ് പ്രതിയെ കീഴടക്കിയത്. ഒരാൾ പ്രതിയുടെ നേർക്ക് സ്യൂട്ട്കേസ് എറിഞ്ഞതോടെ ഇയാളുടെ കൈയിലെ കത്തികൾ താഴെ വീണു. തുടർന്ന് ആളുകൾ ചേർന്ന് ഇയാളെ പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.




