ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വീഡിയോകൾ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മെറ്റ, എക്‌സ്, ഗൂഗിൾ എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.
തനിക്കും കുടുംബത്തിനുമെതിരെ ഇ20 പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട 26 വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും ഗഡ്കരി ഹർജിയിൽ ആവശ്യപ്പെട്ടു.
ഇ20 ഇന്ധന മിശ്രണ പദ്ധതിയിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും, 2003ലെ എഥനോൾ മിശ്രണ നയത്തിന് അനുസരിച്ചാണ് രാജ്യം മുന്നോട്ട് പോയതെന്നും ഗഡ്കരി വ്യക്തമാക്കി. പദ്ധതിയുടെ ഗുണഭോക്താക്കളാണ് താനും കുടുംബാംഗങ്ങളുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.
ഇ20 പെട്രോൾ നടപ്പാക്കിയതിന് പിന്നാലെ ഗഡ്കരിയുടെ മകന്റെ സ്ഥാപനത്തിന്റെ ആസ്തിയിൽ വർധനവുണ്ടായെന്ന ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതെന്നാണ് വിവരം.
അതേസമയം, ഇ20 വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമാകുകയാണ്. കേന്ദ്ര സർക്കാരിനും നിതിൻ ഗഡ്കരിക്കുമെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ഡൽഹിയിലെ ചില ടാക്സി, ടൂറിസ്റ്റ് അസോസിയേഷനുകൾ ഓഗസ്റ്റ് നാലിന് ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടിയും വിഷയത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇ20 വിരുദ്ധ പ്രചാരണങ്ങളുടെ പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങളുടെ സ്വഭാവം വിലയിരുത്തിയ ശേഷമായിരിക്കും പിന്തുണ സംബന്ധിച്ച് നിലപാട് സ്വീകരിക്കുകയെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.




