കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും പേരാമ്പ്ര ബിആർസിയിലെ അധ്യാപികയാണ്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് നീഷ്മ സഹായം നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലായ അധ്യാപികമാർ വലിയ ലഹരി ശൃംഖലയുടെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു.
നേരത്തെ കേസിലെ പ്രതികളായ കീർത്തനയെയും കാവ്യയെയും ബിആർസി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവർ ലഹരി വാങ്ങാനെത്തുന്നവരിൽ നിന്ന് പണം സ്വീകരിക്കുകയും, ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം കൈമാറുകയും ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. തുടർന്ന് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.
സംശയം ഒഴിവാക്കാൻ വലിയ തുകകൾ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. കാവ്യ വാങ്ങിയ ആഡംബര കാർ ലഹരി പണം ഉപയോഗിച്ചാണോ വാങ്ങിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ലഹരി വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾ ഈ ശൃംഖലയുടെ ഇരകളായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ അധ്യാപകർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്.




