ന്യൂഡൽഹി: എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ ഡൽഹി കോടതി സ്റ്റേ ചെയ്തു. പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിജയശ്രീ റാത്തോറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2021-ൽ ഡൽഹിയിലെ ബംഗാ ഭവനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് 2024 ഡിസംബർ 12-നും 2026 ഏപ്രിൽ 11-നും ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചത്. കോടതി നടപടികളിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി.
ഈ വാറന്റിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് സി.പി.എം. ആസ്ഥാനമായ എ.കെ.ജി. ഭവനിലെത്തിയിരുന്നു. രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘത്തിന്റെ നടപടി സ്ഥലത്ത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ജോൺ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തിൽ സി.പി.എം. നേതാക്കൾ പൊലീസ് നടപടിയെ എതിർത്തു. യൂണിഫോം ധരിക്കാതെയാണ് പൊലീസ് എത്തിയതെന്നും പാർട്ടി ഓഫീസിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് രേഖപ്പെടുത്തിയത്. തുടർന്ന് പൊലീസ് മടങ്ങുകയായിരുന്നു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഐഷി ഘോഷ്, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും തന്റെ ഫോൺ ഉൾപ്പെടെ ഡൽഹി പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ആരോപിച്ചു. കോടതി സ്റ്റേ ഉത്തരവോടെ ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറന്റുകളുടെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.











