കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ അത് നടപ്പാക്കിക്കാണിക്കണമെന്നും, വാഗ്ദാനങ്ങൾ നൽകാൻ മാത്രമല്ല ഭരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മാത്രമാണെന്നും പിന്നീട് ഭരണതലത്തിൽ തുടർനടപടികൾ നിർത്തിവെക്കുകയായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
എസ്.എസ്.കെ ഫണ്ട് ലഭ്യമാക്കുന്നതിനായി മന്ത്രിസഭയുടെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് പോലെ പദ്ധതി നിർത്തിവെക്കാൻ യുഡിഎഫും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്നത് ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സർക്കാരാണെന്ന വിമർശനവും പി. രാജീവ് ഉന്നയിച്ചു.
അതേസമയം, വഖഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചത് എൽഡിഎഫ് സർക്കാരാണെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തെയും അദ്ദേഹം തള്ളി. 2013ൽ വഖഫ് ബോർഡിന്റെ കാലാവധി അവസാനിച്ചെങ്കിലും 2014ലാണ് അന്നത്തെ യുഡിഎഫ് സർക്കാർ പുനഃസംഘടന നടത്തിയതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ ബോർഡിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും, നിലവിലെ വഖഫ് മന്ത്രി അന്ന് ബോർഡ് അംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




