ന്യൂഡൽഹി: ജീവപര്യന്തം തടവുശിക്ഷ എന്നത് കുറ്റവാളിയുടെ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണംവരെ തടവുശിക്ഷ നൽകുന്നത് ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരമായി ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിക്കാമെന്നും കോടതി വ്യക്തമാക്കി.
ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള ശിക്ഷ ഭരണഘടനാപരവും നിയമപരവുമാണെന്ന് കോടതി വ്യക്തമാക്കി.
വിചാരണക്കോടതിയോ ഹൈക്കോടതിയോ വിധിയിൽ “ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, കുറ്റവാളി ജീവിതാവസാനം വരെ തടവിൽ തുടരേണ്ടിവരുമെന്നും അത്തരം കേസുകളിൽ ശിക്ഷാ ഇളവോ പരോളോ അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, വിധിയിൽ ഇളവ് നിഷേധിക്കുന്ന കാര്യം പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിൽ, നിയമപ്രകാരമുള്ള ശിക്ഷാ ഇളവുകളോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കുന്നതിൽ സർക്കാരിന് ഇടപെടാമെന്നും കോടതി നിരീക്ഷിച്ചു.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടവുകാർ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാന വിശദീകരണം നൽകിയത്. വധശിക്ഷയ്ക്ക് പകരമായുള്ള ജീവപര്യന്തം ശിക്ഷയുടെ നിയമപരമായ വ്യാഖ്യാനത്തിൽ നിർണായകമായ മാർഗനിർദേശമായാണ് ഈ വിധിയെ വിലയിരുത്തുന്നത്.




