കൊച്ചി: മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിൽ വൻ ലഹരിമരുന്ന് ശൃംഖല പൊളിച്ചടുക്കി കൊച്ചി സിറ്റി പൊലീസ്. സംഭവത്തിന് പിന്നിൽ എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ നിരവധി പ്രതികളെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തു.
ജൂലൈ 29-ന് രാത്രി മരട് ഫോറം മാളിന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയിരുന്നു. ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ജീവനക്കാരന്റെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം പാലക്കാട് സ്വദേശി ഷഹനാസ് വി.പി.യുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കാപ്പ കേസ് പ്രതിയായ തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ സ്വദേശി അനൂപ് എന്നിവരുടെ പങ്കും പുറത്തുവന്നു.
അന്വേഷണത്തിന്റെ ഭാഗമായി വെണ്ണലയിൽ നടത്തിയ പരിശോധനയിൽ ജൂലൈ 30-ന് 4.48 ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകപ്പെട്ടത് പ്രതികളിലൊരാളായ റിജോയ് ബിക്സൺ ഫ്രാൻസിസാണെന്നും ഷഹനാസിന്റെ സംഘത്തിൽ നിന്ന് വാങ്ങിയ ലഹരിമരുന്നിന്റെ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
തുടർന്ന് ജൂലൈ 31-ന് മണ്ണഞ്ചേരി പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഫ്രാൻസിസ് സേവ്യർ, സുഹൃത്ത് ആര്യ (പൊടി) എന്നിവരെ 2 ഗ്രാം എം.ഡി.എം.എയുമായും ഷഹനാസ്, അനൂപ് എന്നിവരെ 11.7 ഗ്രാം എം.ഡി.എം.എയുമായും കലവൂരിൽ നിന്ന് പിടികൂടി. പിന്നീട് സ്മിജിൽ ആന്റണിയെയും നിഖിൽ കെന്ററിനെയും ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തു.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി സംഘങ്ങൾക്കെതിരായ പരിശോധനകളും രഹസ്യാന്വേഷണവും കൂടുതൽ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.




