ജക്കാർത്ത: ഇൻഡൊനേഷ്യയിൽ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ-2 എന്ന ഫെറിക്കാണ് തീപിടിച്ചത്. മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോകുന്നതിനിടെയാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ക്യാപ്റ്റൻ അപകടവിവരം അധികൃതരെ അറിയിച്ചെങ്കിലും പിന്നീട് കപ്പലുമായുള്ള ബന്ധം നഷ്ടമായി.
തീപിടിത്തത്തിൽ കപ്പലിന്റെ വലിയ ഭാഗം കത്തിനശിച്ചു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകൾ ധരിച്ച യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലർ ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടിയതായും റിപ്പോർട്ടുണ്ട്. സമീപത്തുണ്ടായിരുന്ന കപ്പലുകൾ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ വീണവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. കൂടുതൽ രക്ഷാസംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.




