തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയ ദുരിതവും തുടരുന്നു. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ കൈതേരി ഇടത്തിൽ രാരിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരൻ മാസിനും മരിച്ചു. തിരുവനന്തപുരം തീരത്ത് കാണാതായ മത്സ്യത്തൊഴിലാളികളായ ഫ്രീമോന്റെയും ആന്റണിയുടെയും മൃതദേഹങ്ങളും കണ്ടെത്തി. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട റാന്നിയിൽ വെള്ളം കുറഞ്ഞുതുടങ്ങിയെങ്കിലും ആറന്മുളയിലും അപ്പർ കുട്ടനാട്ടിലും വെള്ളക്കെട്ട് തുടരുകയാണ്. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരിക്കേറ്റ 13 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും നിരീക്ഷണവും തുടരുന്നു.




