ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യസമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആഗസ്റ്റ് 6 മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
നിലവിൽ അതിതീവ്ര മഴയിൽ നിന്ന് അതിശക്തമായ മഴയിലേക്കാണ് സാഹചര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. മഴ മുന്നറിയിപ്പുകൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതർ ആവർത്തിച്ചു.
ഒരു ദിവസത്തേക്കുള്ള പ്രവചനമല്ല, ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥാ വിവരങ്ങളാണ് മുൻകൂട്ടി നൽകുന്നതെന്നും ഓരോ നാല് മണിക്കൂർ ഇടവിട്ട് ദിവസത്തിൽ മൂന്ന് തവണ വീതം മുന്നറിയിപ്പുകൾ പുതുക്കാറുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം പല ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടായിരുന്നിട്ടും അതിതീവ്ര മഴ ലഭിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതോടെ വിവിധ ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പവും ഉയർന്നിരുന്നു.




