Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാട് കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന രാജാവ് ഇവിടേയുമുണ്ട്! വിഡി സതീശനെ വളഞ്ഞിട്ടാക്രമിച്ച് പ്രതിപക്ഷം; എന്താകും വിശദീകരണം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘റോമാ സാമ്രജ്യം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെ’ കുറിച്ച് കേട്ടിട്ടില്ലേ? ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ അത് നേരിട്ട് കണ്ടെന്ന് വേണമെങ്കിൽ പറയാം. കേരളം വീണ്ടും കനത്ത മഴയുടെയും പ്രളയസമാന സാഹചര്യങ്ങളുടെയും പിടിയിലമർന്ന വേളയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവരുന്നത്. മഴയിൽ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോൾ മുഖ്യമന്ത്രിയുടെ ഈ യാത്ര തികച്ചും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രി വീട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനു പിന്നാലെ നിരവധി പേർ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് പലരുടേയും ചോദ്യം. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്താണ് വിമർശനങ്ങൾ പലതും. 2108 ലെ പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുൻനിശ്ചയിച്ച പരിപാടികൾ ക്യാൻസൽ ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിച്ചിരുന്നപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി സൽക്കാരത്തിൽ പങ്കെടുത്ത് കോഴിക്കാൽ കടിച്ചുപറിക്കുകയാണ് എന്നാണ് പലരുടെയും വിമർശനം. എന്നാൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചും ആളുകൾ വരുന്നുണ്ട്. പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലിയാണ് അക്കൂട്ടത്തിലെ പ്രധാനി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെ? ഉച്ച ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കണമായിരുന്നോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

എന്നാൽ ഈ വിരുന്നിന് തൊട്ട് മുന്നത്തെ ദിവസവും കഥ വ്യത്യസ്തമായിരുന്നില്ല. അസുഖബാധിതനായി കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ മുഖ്യൻ പറന്നത് ഹെലികോപ്ടറിൽ. 2017 ലെ ഓഖി ദുരന്തത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി നടത്തിയ ഹെലികോപ്ടർ യാത്ര ധൂർത്തെന്ന് പറഞ്ഞ അതേ സതീശനാണ് ഇന്ന് അമ്മായിയപ്പന്റെ ക്ഷേമം തിരക്കുന്നതിനായി ഹെലികോപ്ടറിൽ പറന്നുയർന്നത് എന്ന വിരോധാഭാസമാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചത്. പതിവ് പോലെ ഇവിടേയും ന്യായീകരിക്കാൻ ആളുണ്ട്. ഹെലികോപ്ടർ വിഷയത്തിൽ ആ ദൗത്യം കെ മുരളീധരനാണ് ഏറ്റെടുത്തത്. കാലം മാറുമ്പോൾ കാർ മാറ്റി ഹെലികോപ്ടറിലൊക്കെ പോയെന്നിരിക്കും. അതിലെന്താ കുഴപ്പമെന്നാണ് മുരളീധരന്റെ ചോദ്യം. ദുരന്തമുഖത്തും ഔദ്യോ​ഗിക ആവശ്യങ്ങൾക്കുമായാണ് എൽഡിഎഫ് സർക്കാരാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. അന്ന് ഹെലികോപ്ടർ വിവാ​ദമെന്ന ഓമനപ്പേര് നൽകിയവരും ധൂർത്തെന്നാഘോഷിച്ച മാധ്യമങ്ങളും മൗനം ഭുജിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേതായി പ്രതികരണങ്ങളൊന്നും വന്നിട്ടുമില്ല. എന്നാൽ, സതീശന്റേത് ഔദ്യോഗിക യാത്രയാണ് എന്നാണ് കോൺഗ്രസുകാർ വിശദീകരിക്കുന്നത്. ഒപ്പം ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയ സംഭവവും ട്രോളുകളിൽ നിറയുന്നുണ്ട്.

രണ്ട് സംഭവങ്ങളും പ്രതിപക്ഷവും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. അധികാരത്തിലേറിയിട്ട് രണ്ടര മാസം കഴിയുമ്പോഴേക്ക് പ്രതിപക്ഷത്തിന് വേണ്ട ആയുധങ്ങൾ സ്വന്തമായിട്ട് നൽകുകയാണ് ഭരണപക്ഷം. കേരളം വെള്ളത്തിൽ, മുഖ്യമന്ത്രി വിരുന്നിൽ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പരിഹസിച്ചത്. “കാലവർഷക്കെടുതികൾക്കിടയിൽ മുഖ്യമന്ത്രി പൊന്നാനി എംഎൽഎയ്‌ക്കൊപ്പമുള്ള രക്ഷാപ്രവർത്തന ഏകോപനത്തിന്റെ അപൂർവ ദൃശ്യങ്ങൾ” എന്ന പരിഹാസക്കുറിപ്പോടെ പി. സരിനും വിമർശനവുമായി രം​ഗത്തെത്തി. ദുരന്തബാധിതരായ ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കെ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കുപകരം സ്വകാര്യ സൽക്കാരത്തിൽ പങ്കെടുക്കുന്നത് ജനങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്നാണ് എ.എ. റഹീം എംപി പ്രതികരിച്ചത്.

വെറുതെ കിടക്കുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചെന്നും കാറിൽ പോയാൽ ഉണ്ടാകുന്ന ഇന്ധന ചെലവ് ലാഭിച്ചെന്നുമായിരിക്കും ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ന്യായീകരിക്കുകയെന്നുമുള്ള പരിഹാസവുമായി എത്തിയത് പി രാജീവാണ്. ഹെലികോപ്ടർ യാത്രയ്ക്ക് പിന്നാലെ വി ടി ബൽറാം എംഎൽഎയുടെ 2019ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്ടർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവച്ച് കൊല്ലാമായിരുന്നു’ എന്നായിരുന്നു വിടി ബൽറാം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ട്രോളന്മാർ ഒന്നും മറക്കില്ല, എന്നെങ്കിലും എല്ലാത്തിനും മറുപടി നൽകേണ്ടി വരും എന്ന് ബൽറാമിന് മനസിലായി കാണും.

സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായും കാര്യക്ഷമമായും ഏകോപിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണിത്. ​എന്നാൽ, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി എന്ന അഭിപ്രായം തന്നെയാണ് ഭൂരിപക്ഷത്തിനും.

2018 ൽ കേരളം വെള്ളത്തിൽ മുങ്ങിയപ്പോൾ, ആ പ്രളയം മനുഷ്യ നിർമ്മിതമാണെന്നും, കോവിഡ് മാരിയുടെ സമയത്തു എരണംകെട്ടവർ നാട് ഭരിച്ചാൽ നാട് മുടിയുമെന്ന പറഞ്ഞ ആളുകൾക്ക് പോലും ഇപ്പോൾ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. അന്ന് മഹാപ്രളയം നേരിട്ട കേരളത്തെ ഒരൊറ്റ മനസോടെ ചേർത്തുനിർത്തി, ഉയർത്തിക്കൊണ്ടുവന്നത് അന്ന് അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. സർവതും നഷ്ടമായ ജനങ്ങൾക്ക് രക്ഷയായും ആശ്വാസമായും സർക്കാർ നിലകൊണ്ടു. പ്രളയജലത്തിന് വിട്ടുകൊടുക്കാതെ, പട്ടിണിയിലാക്കാതെ, സാധ്യമായതെല്ലാം തിരിച്ചുവരുമെന്ന ഉറപ്പ് നൽകി സർക്കാർ അവിശ്രമം പ്രവർത്തിച്ചു. എട്ട് വർഷങ്ങൾക്കിപ്പുറം പ്രളയസമാന സാഹചര്യത്തെ കേരളം നേരിടുമ്പോൾ ഇന്ന് അധികാരത്തിലിരിക്കുന്നവർ എന്തുചെയ്യുകയാണെന്ന് ചോദിക്കുകയാണ് ജനങ്ങൾ.

2018 ലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ് നടക്കുന്ന അന്നായിരുന്നു ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. രാവിലെ കയറിത്തുടങ്ങിയ വെള്ളത്തിൽ വൈകുന്നേരമായപ്പോൾ ഉയരമുള്ള കെട്ടിടങ്ങൾപോലും മുങ്ങി. അഞ്ഞൂറോളം മനുഷ്യരുടെ ജീവനാണ് നഷ്ടമായത്. വീടുകളും റോഡുകളും എല്ലാം തകർന്നു. എന്നാൽ സമാനതകളില്ലാത്ത ദുരന്തം മുഖാമുഖം വന്നപ്പോൾ വിറങ്ങലിച്ച് നിൽക്കാതെ അടുത്ത നിമിഷംതന്നെ സർവസന്നാഹങ്ങളുമായി സർക്കാർ സജ്ജമായി. പ്രകൃതി ദുരന്തത്തെ നേരിടാൻ മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചു. എല്ലാത്തിനും നേതൃത്വമായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മുന്നിലുണ്ടായിരുന്നു. എന്തായാലും ദുരന്തകാലത്തും വിസ്മയങ്ങൾ കാത്തുവെച്ചിരിക്കുകയാണ് ഇന്നത്തെ മുഖ്യൻ.

മുൻ കാലങ്ങളിലെ പ്രളയസമയങ്ങളിൽ എയർഫോഴ്സ്, ആർമി, നേവി ഉൾപ്പെടെയുള്ള ദേശീയ-സംസ്ഥാന ദുരന്തനിവാരണ സൈന്യങ്ങളുടെ ഏകോപനം കൃത്യമായിരുന്നു. 2019ലും ആവർത്തിച്ച പ്രളയത്തിൽ സർക്കാർ ജനങ്ങൾക്ക് ആശ്വാസമായിനിന്നു. അവലോകനയോ​ഗശേഷമുള്ള വാർത്താസമ്മേളനങ്ങളിലൂടെ ആശ്വാസം പകരാൻ പിണറായി ശ്രദ്ധിച്ചിരുന്നു. മുൻകാലങ്ങളേക്കാൾ ഭീകരമായ മഴക്കെടുതി ഇത്തവണ സംഭവിച്ചില്ലെങ്കിലും ഇപ്പോഴുണ്ടായ ദുരിതത്തിൽ സർക്കാർ സംവിധാനങ്ങളാകെ പരാജയപ്പെടുന്നുവോ എന്ന സംശയമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.

വീഴ്ച്ച സർക്കാരിന്റെ മാത്രമായി പറയാനാകില്ല. മഴ മുന്നറിയിപ്പ് നൽകുന്നതിൽപോലും വീഴ്ചയുണ്ടായിട്ടുണ്ട്. എൽ നിനോ മൂലമുണ്ടായ കൂമ്പാര മേഘങ്ങൾ പൊടുന്നനെ അപകടകാരികളായി മാറുകയായിരുന്നു എന്നതാണ് ഇക്കാര്യത്തിൽ വിദ​ഗ്ദർ നൽകുന്ന വിശദീകരണം. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി കഴിഞ്ഞിരുന്നു. ജനങ്ങൾക്ക് ഒരു അറിയിപ്പും നൽകാതെ ഡാമുകൾ തുറന്നു വിടേണ്ടി വന്നതും പ്രശ്നമായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കായില്ല എന്ന പഴി പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തുന്നുണ്ട്. ചെറിയ വീഴ്ച്ചകൾക്ക് പോലും വലിയ വില നൽകേണ്ടി വരുമെന്നും വിഷയം ഓഫീസുകളെ ഏൽപ്പിച്ച് മാറിനിൽക്കാതെ നേരിട്ട് ഇടപെടണം എന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതാണോ എന്ന് ആ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer