തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഷയത്തിൽ നേരിട്ട് ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. മറ്റന്നാൾ ദില്ലിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം.
യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടുതൽ നേതാക്കളും ഹൈക്കമാൻഡിന് പരാതി നൽകിയേക്കുമെന്നാണ് സൂചന.
അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി റിപ്പോർട്ട് നൽകും. അടൂർ പ്രകാശുമായി ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായും അവർ ആശയവിനിമയം നടത്തും. കോൺഗ്രസിലെ അതൃപ്തി ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനാണ് ഹൈക്കമാൻഡ് നീക്കം.
യുഡിഎഫിൽ പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും തീരുമാനങ്ങൾ പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ കൂടിയാലോചനയില്ലാതെയാണ് നടന്നതെന്നും അദ്ദേഹം വിമർശിച്ചു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ നിയമനം തുടങ്ങിയ വിഷയങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
യുഡിഎഫ് യോഗം വിളിക്കുന്നതിൽ മുഖ്യമന്ത്രി മുൻകൈ എടുത്തില്ലെന്നും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരസ്യമായത്.
അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തി. മന്ത്രി കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ച് പ്രതികരിച്ചു. അതേസമയം, ജെബി മേത്തർ എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശിന്റെ നിലപാടിനോട് അനുകൂല സമീപനം സ്വീകരിച്ചതോടെ പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം കൂടുതൽ ചർച്ചയായിരിക്കുകയാണ്.




