തൃശ്ശൂർ: ജില്ലയിൽ മഴ ശക്തമായതോടെ കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നതായി അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുകയാണ്. ഇതോടെ റെഗുലേറ്ററിന് താഴെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്.
കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും സമീപത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സാഹചര്യം മോശമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.












