ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും വ്യാപകമായ വെള്ളപ്പൊക്ക ഭീഷണിയിലായി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 ക്യാമ്പുകളും കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് മേഖലകളിലെ ജനങ്ങളുടെ ദുരിതം വർധിപ്പിച്ചു. തലവടി, നെടുമ്പ്രം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഞായറാഴ്ച പുലർച്ചെ മുതലാണ് കിഴക്കൻ വെള്ളത്തിന്റെ വരവ് ഗണ്യമായി വർധിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകളും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നു.
മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടർന്ന് അച്ചൻകോവിലാറും പമ്പാനദിയും കരകവിഞ്ഞൊഴുകിയതോടെ കുട്ടനാടിന്റെയും അപ്പർകുട്ടനാടിന്റെയും പല ഭാഗങ്ങളിലും ജലനിരപ്പ് മൂന്ന് അടിയോളം ഉയർന്നു. ചിലയിടങ്ങളിൽ നദികൾ ഏത് സമയവും കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്കിടയിലും പുറംബണ്ടുകളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായതും എ.സി. കനാലിലെ പാലങ്ങൾക്കടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞുകൂടിയതും ഗതാഗതത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.


