ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് ദീർഘകാലമായി വാഗ്ധാനം ചെയ്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നും നിലവിലുള്ള ഫാക്ടറികൾ റെയിൽവേയുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നുമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടിയിൽ വ്യക്തമാക്കിയത്. നിലവിൽ ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചു.
2008-09ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള ഈ സുപ്രധാന വ്യവസായ സംരംഭം പ്രഖ്യാപിക്കപ്പെട്ടത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 കോച്ചുകൾ നിർമ്മിക്കാനുള്ള ശേഷിയുമുള്ള ഒരു ഫാക്ടറിയാണ് വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കായി കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുകയും 2012 ഫെബ്രുവരിയിൽ പദ്ധതിയുടെ തറക്കല്ലിടുകയും ചെയ്തിരുന്നു.


