വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്. ഓക്ക്ലന്‍ഡില്‍ പരസ്യ ചിത്രീകരണത്തിനിടെ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വലത് തോളിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് വീണപ്പോഴാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായ രചിന് ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ താരത്തിന്റെ പങ്കാളിത്തം.
പരിക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രചിന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണ് പ്രധാന പരിഗണനയെന്നും ന്യൂസിലന്‍ഡ് പെര്‍ഫോമന്‍സ് മാനേജര്‍ മൈക്ക് സാന്‍ഡ്ലെ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച സുരക്ഷാ മുന്‍കരുതലുകളോടെയാണ് പ്രൊമോഷണല്‍ ഷൂട്ടിംഗുകള്‍ നടത്തുന്നതെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 22നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. അടുത്ത ആഴ്ച ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രചിന്റെ ഫിറ്റ്നസ് ന്യൂസിലന്‍ഡ് ടീമിന് നിര്‍ണായകമാണ്. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിച്ച് താരത്തെ തിടുക്കത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടറും വ്യക്തമാക്കി.
ന്യൂസിലന്‍ഡിനായി 52 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രചിന്‍ രവീന്ദ്ര 759 റണ്‍സും 26 വിക്കറ്റുകളും നേടിയിട്ടുണ്ട്. നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ പരമ്പരയില്‍ മിച്ചല്‍ സാന്റ്‌നര്‍ ന്യൂസിലന്‍ഡിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




