കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോയിൽ പങ്കെടുത്തെന്ന പരാതിയിൽ കൊല്ലം റൂറൽ പൊലീസിലെ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം റൂറലിലെ എസ്. നജീം, എസ്.എൽ. സുജിത്ത്, എ.എസ്. ശിവേഷ്, വി. ചിന്തു എന്നിവരെയാണ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത്. നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് സ്ഥലംമാറ്റിയത്. ദക്ഷിണ മേഖലാ ഐജിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വീഡിയോയിൽ നാല് ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങൾ ഉൾപ്പെട്ടിരുന്നു. സർക്കാർ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അതേസമയം, വീഡിയോ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണെന്നും തങ്ങളുടെ അനുമതിയില്ലാതെയാണ് അതിലെ ഭാഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.













