റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും വേദികളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ നഗരങ്ങളിലാണ് പ്രധാന വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക. പ്രതിരോധ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ജിദ്ദയിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകിട്ട് അഞ്ചിനാണ് വ്യോമാഭ്യാസ പ്രകടനം. ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചാണ് വേദി.
റിയാദിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് നാലുമുതൽ പ്രകടനം നടക്കും. മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അൽ ഖോബാറിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകിട്ട് 4.30നാണ് വ്യോമാഭ്യാസ പ്രകടനം. അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് (സെയ്ടെക്) മുന്നിലുള്ള അൽ ഖോബാർ കോർണിഷ് വാട്ടർഫ്രണ്ടിലാണ് പരിപാടി.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളം വിവിധ പരിപാടികൾക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. വ്യോമാഭ്യാസ പ്രകടനങ്ങൾ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന സ്വദേശികളും പ്രവാസികളും ബന്ധപ്പെട്ട വേദികളും സമയക്രമവും കൃത്യമായി മനസ്സിലാക്കി എത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



