ചെന്നൈ: തമിഴ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ വേദിയിലെ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി നടൻ വിജയ് സേതുപതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, താൻ വിജയിയെ വിമർശിച്ചിട്ടില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി. പുതിയ എപ്പിസോഡിന്റെ പ്രൊമോയിലൂടെയാണ് താരം വിശദീകരണം നൽകിയത്.
‘ബിഗ് ബോസ്’ വേദിയിൽ താൻ നടത്തുന്ന സംഭാഷണങ്ങളും ചോദ്യങ്ങളും ഷോയിൽ പങ്കെടുക്കുന്ന മത്സരാർഥികളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് വിജയ് സേതുപതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഗ് ബോസ് വീടിന് പുറത്തുള്ള വ്യക്തികളുമായോ രാഷ്ട്രീയ സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം കഴിഞ്ഞയാഴ്ച തന്നെ പ്രേക്ഷകരോട് വിശദീകരിക്കേണ്ടതായിരുന്നുവെന്നും, കാര്യങ്ങൾ എല്ലാവർക്കും പെട്ടെന്ന് മനസിലാകുമെന്ന് കരുതിയതിനാലാണ് ഉടൻ പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു.
ബിഗ് ബോസ് വേദിയിൽ ‘നേതൃത്വം’, ‘വാഗ്ദാനങ്ങൾ’, ‘ഉത്തരവാദിത്തം’ എന്നിവയെക്കുറിച്ച് വിജയ് സേതുപതി നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനെ പരോക്ഷമായി വിമർശിക്കുന്നതാണ് പരാമർശങ്ങളെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. തുടർന്ന് വിജയ് ആരാധകരും ടി.വി.കെ പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ വിജയ് സേതുപതിക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.



