തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.മനക്കൊടിയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിലായിരുന്നു സംഭവം.
തൃശ്ശൂർ- കാഞ്ഞാണി- പാലാഴി റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രേയസ്’ ബസ് അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അനിതയ്ക്ക് ആകാശ്, ഹിമ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.



