കോഴിക്കോട്: പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് കടയിൽ പോയി സാധനങ്ങൾ വാങ്ങിവരാമെന്ന് പറഞ്ഞാണ് ഹരീഷ് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങി.
ഇന്ന് രാവിലെ പേരാമ്പ്ര ബസ് സ്റ്റാൻഡിലെത്തി പരിശോധിച്ചപ്പോഴാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പേരാമ്പ്ര–വടകര–ചാലിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായിരുന്നു ഹരീഷ്. നിരവധി വർഷങ്ങളായി ഇതേ ബസിലാണ് ജോലി ചെയ്തിരുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയോ കടബാധ്യതയോ മരണത്തിന് കാരണമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




