കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകർമ സേനാംഗം ജീവനൊടുക്കാൻ ശ്രമിച്ചു. ശാസ്താമുഗൾ സ്വദേശിനിയായ രമ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജൈവമാലിന്യ ശേഖരണ ചുമതല വഹിച്ചിരുന്ന രമ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാർഡ് കൗൺസിലർ ഐഷ സുബൈറും പിതാവ് സുബൈറും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രമ്യയുടെ ആരോപണം. ഇരുവരും തനിക്കെതിരെ വ്യാജ പരാതികൾ നൽകിയെന്നും രമ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും പരാതിയുടെ പകർപ്പുകൾ പുറത്തുവന്നതായും പറയുന്നു.
കൗൺസിലറുമായുണ്ടായ തർക്കത്തെ തുടർന്ന് രമ്യയെ ജോലി ചെയ്തിരുന്ന വാർഡിൽ നിന്ന് മാറ്റിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി രമ്യ പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നാണ് വിവരം. പൊലീസ് ഇടപെട്ട് നൽകിയ പരാതി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും മാനസിക സമ്മർദ്ദം ഉണ്ടായതായാണ് രമ്യ പറയുന്നത്.
തനിക്കെതിരെ വ്യാജ പരാതികൾ നൽകിയെന്നും നഗരസഭയ്ക്ക് മുന്നിൽ ഭക്ഷ്യമാലിന്യം കൊണ്ടിട്ട് പരാതി നൽകിയെന്നും രമ്യ ആരോപിച്ചു. ഓണം കഴിയുന്നതുവരെ വാർഡ് മാറ്റരുതെന്ന് അപേക്ഷിച്ചിരുന്നുവെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സുബൈറും മകൾ ഐഷയുമാണെന്നും രമ്യ പ്രതികരിച്ചു.
അതേസമയം, രമ്യയുടെ ആരോപണങ്ങൾ കൗൺസിലർ ഐഷ സുബൈർ തള്ളി. ഹരിതകർമ സേന അംഗങ്ങളുടെ കൺസോർഷമാണ് സ്ഥലംമാറ്റം തീരുമാനിക്കുന്നതെന്നും കൗൺസിലർ എന്ന നിലയിൽ താൻ ഇടപെട്ടിട്ടില്ലെന്നും ഐഷ വ്യക്തമാക്കി.
രമ്യക്കെതിരെ നൽകിയ പരാതി ചെയർമാന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതാണെന്നും അതിന് ശേഷമാണ് തനിക്കെതിരെ പൊലീസ് പരാതി നൽകിയതെന്നും കൗൺസിലർ പറഞ്ഞു. തന്റെ പിതാവ് മാനസികമായി പീഡിപ്പിച്ചതിന് തെളിവുകളില്ലെന്നും ഐഷ സുബൈർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.




