കൊല്ലം: സർക്കാർ ആശുപത്രിക്കുള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം.
ആശുപത്രി സന്ദർശനത്തിനായി എത്തിയ മന്ത്രിയെ എൻജിഒ സംഘടനയുടെ പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയായിരുന്നു. ആശുപത്രി പരിസരങ്ങളിൽ കൊടികളുമായി രാഷ്ട്രീയ പ്രചാരണം അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംഭവം വിവാദമായിരിക്കുന്നത്.
ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാട് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട മന്ത്രിയുടെ മുൻ പരാമർശങ്ങളും നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളിൽ കൊടി വെച്ചുള്ള വിതരണം അനുവദിക്കില്ലെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ആശുപത്രി പരിസരം ഉപയോഗിക്കരുതെന്നും മന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.
എന്നാൽ, മന്ത്രിയുടെ സ്വന്തം സന്ദർശനത്തിനിടെ തന്നെ ആശുപത്രിക്കുള്ളിൽ കൊടികളുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകിയതോടെ ഇരട്ടത്താപ്പ് ആരോപണവുമായി വിമർശകർ രംഗത്തെത്തി. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.




