കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. നെയ്യ് ഇടപാടിലെ അന്വേഷണം നടത്താൻ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാരിനോട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. പട്ടികയിലെ ഉദ്യോഗസ്ഥർ യോഗ്യതയും കഴിവും ഉള്ളവരായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നേരിട്ട് കോടതിയിൽ നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. അന്വേഷണത്തിനുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) അംഗങ്ങളുടെ പട്ടികയും ഉടൻ കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. മിൽമയുമായി നെയ്യ് വിതരണത്തിന് കരാർ ഉണ്ടാക്കുന്നതിനെ അന്നത്തെ ദേവസ്വം കമ്മീഷണർ എതിർത്തിരുന്നില്ലേയെന്നും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ചോദിച്ചു.
അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇ-ടെൻഡർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകിയതെന്നാണ് കണ്ടെത്തൽ. പിന്നീട് കമ്മീഷണർ ഇതിനെ എതിർത്ത് കത്ത് നൽകിയിരുന്നെങ്കിലും പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കരാർ മിൽമയ്ക്ക് നൽകിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിലും ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായതിന്റെ അഞ്ച് ഇരട്ടി വരെ സാധനങ്ങൾ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.




