തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എംഎൽഎ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇവർക്ക് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് വിവരം.
ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നോയെന്നും, സിപിഎം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായ 25 പ്രതികളുടെ ഫോൺരേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവദിവസവും അതിന് പിന്നാലെയുള്ള ദിവസങ്ങളിലും ഇവരുമായി ബന്ധപ്പെട്ടവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെയും പ്രവർത്തകരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവരികയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ബിനീഷ് കോടിയേരിയുടെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളുടെയും ഫോൺരേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ബിനീഷ് കോടിയേരി സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
മേയ് 27-നാണ് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവം നടന്നത്. അന്വേഷണം തുടരുകയാണ്.




