കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം ചോദ്യം ചെയ്ത് പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നതും, രോഗികൾ പുറത്തുള്ളപ്പോള്‍ ഒ.പി രജിസ്ട്രേഷൻ നിർത്തിവെച്ചതുമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്ന് ആശുപത്രി ജീവനക്കാരോട് നാട്ടുകാർ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആശുപത്രി ജീവനക്കാരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം.
കൂടാതെ, ആശുപത്രി ജീവനക്കാരെ അധിക്ഷേപിക്കുകയും വനിതാ ജീവനക്കാരുടെയും സ്ത്രീ രോഗികളുടെയും അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.











