ചെന്നൈ: ഏറെ നാളായി തുടരുന്ന കാവേരി നദീജല തർക്കത്തിൽ ഒടുവിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അയൽ സംസ്ഥാനമായ കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായതും ബെംഗളൂരു സന്ദർശിക്കാൻ പദ്ധതിയിട്ടതും പ്രശ്നത്തിന് നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് കാവേരി വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്ന നയം മുഖ്യമന്ത്രി വിശദീകരിച്ചത്. “തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ഏത് അപമാനവും സഹിക്കാൻ ഞാൻ തയ്യാറാണ്. ചിരവൈരികളായ രാജ്യങ്ങൾ പോലും തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുമ്പോൾ, അയൽസംസ്ഥാനവുമായി ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റ്?” വിജയ് ചോദിച്ചു.











