തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്റെ വില 13,740 രൂപയായി. പവന് 120 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേരളത്തിൽ സ്വർണവില പവന് 4,320 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമില്ലെങ്കിലും കേരളത്തിലെ വിലയിൽ വർധന തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നിക്ഷേപകരുടെ ആവശ്യകത തുടരുകയാണ്. എന്നാൽ അമേരിക്കയിലെ തൊഴിൽ കണക്കുകൾ പുറത്തുവരാനിരിക്കുന്നതിനാൽ വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെ ഈ കണക്കുകൾ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ഇറാനും അമേരിക്കയും തമ്മിലുള്ള ഹോർമുസ് കടലിടുക്ക് സംബന്ധിച്ച തർക്കവും ആഗോള വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഉയർന്നത് സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
നിലവിലെ വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1,24,600 രൂപയോളം ചെലവ് വരും. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 15 രൂപ ഉയർന്ന് 11,290 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 240 രൂപയാണ്.




