മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കയറിയ കാട്ടുപന്നിയിൽ നിന്ന് രണ്ടര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.30ഓടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലായിരുന്നു സംഭവം.
വീട്ടുകാർ അടുക്കള ഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ എത്തിയ കാട്ടുപന്നി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടര വയസ്സുള്ള മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് കാട്ടുപന്നി എത്തിയത്. അപകടം മനസിലാക്കിയ ഫവാസിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം കുട്ടിയെ ഉടൻ സുരക്ഷിതമായി പുറത്തെടുത്ത് മുറിയുടെ വാതിൽ പുറത്തുനിന്ന് അടച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
തുടർന്ന് നാട്ടുകാരെ വിവരമറിയിച്ച വീട്ടുകാർ വാർഡ് കൗൺസിലർ പി. ഷംസിയ ടീച്ചറെയും നഗരസഭാ അധികൃതരെയും വിവരം അറിയിച്ചു. നഗരസഭയുടെ നിർദേശപ്രകാരം ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു ആനക്കയവും കെ.വി. നൗഷാദും സ്ഥലത്തെത്തി ജനൽ തുറന്ന് മുറിക്കുള്ളിലുണ്ടായിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
ശേഷം നാട്ടുകാർ ചേർന്ന് കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിൽ സംസ്കരിച്ചു.
ദിവസങ്ങൾക്കുമുമ്പ് ഒതുക്കുങ്ങലിൽ തെരുവുനായ വീടിനുള്ളിൽ കയറി തൊട്ടിലിൽ കിടന്നിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ആക്രമിച്ച സംഭവവും പ്രദേശത്ത് ആശങ്ക ഉയർത്തിയിരുന്നു. വീടുകൾക്കുള്ളിലേക്ക് പോലും വന്യജീവികളും തെരുവുനായ്ക്കളും കയറുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.




