ന്യൂഡൽഹി: നീറ്റ്-യു.ജി. ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ കേരളത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും അന്വേഷണം വ്യാപിച്ചതായി സി.ബി.ഐ. കുറ്റപത്രം വ്യക്തമാക്കുന്നു. ചോർന്ന ചോദ്യപ്പേപ്പർ കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
രാജസ്ഥാനിലെ സിക്കറിനെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചോർച്ചാ ശൃംഖലയുടെ കണ്ണികൾ കേരളത്തിലേക്കും നീണ്ടിരുന്നുവെന്നാണ് സി.ബി.ഐ. പറയുന്നത്. പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലാണ് കേരളത്തിലെ പ്രധാന കണ്ണിയെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. അവിടത്തെ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിയായ ഹിതേഷ് കുമാറിന് റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യപേപ്പറിന്റെ പി.ഡി.എഫ്. ഫയലുകൾ ലഭിച്ചതെന്നാണ് കണ്ടെത്തൽ.
രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുമ്പ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു. ചോദ്യപ്പേപ്പർ കൈമാറിയതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ബന്ധപ്പെട്ട ചാറ്റുകൾ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും സി.ബി.ഐ. കുറ്റപത്രത്തിൽ പറയുന്നു.
അന്വേഷണത്തിൽ, വിദ്യാർഥികളടക്കം ഉൾപ്പെട്ട ആസൂത്രിത ശൃംഖലയാണ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ലക്ഷയ് രാജിന്റെ മുൻ സഹപാഠിയായ രജത് ചൗധരിയെ അഭിഷേക് സൈനി സമീപിച്ച് ചോർന്ന ചോദ്യപേപ്പർ നൽകുന്നതിനായി 40,000 രൂപ ആവശ്യപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് രജത് 30,000 രൂപ ലക്ഷയ് രാജിന്റെ രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് ഫോൺപേ വഴി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ഏകദേശം 450 ചോദ്യങ്ങൾ അടങ്ങിയ ഫയലുകളാണ് ഇവർക്ക് ലഭിച്ചത്. പരീക്ഷ എഴുതാനിരുന്ന സഹോദരന് വേണ്ടിയാണ് രജത് ഈ ചോദ്യങ്ങൾ വാങ്ങിയതെന്നും സി.ബി.ഐ. പറയുന്നു.
രാജസ്ഥാനിലെ സിക്കറിലുള്ള ആർ.കെ. എഡ്യൂക്കേഷണൽ കൺസൾട്ടൻസിയെ കേന്ദ്രീകരിച്ചാണ് വിതരണ ശൃംഖല പ്രവർത്തിച്ചിരുന്നത്. അവിടത്തെ ജീവനക്കാരനായ അഭിഷേക് സൈനി വഴി ലക്ഷയ് രാജിന്റെ ബന്ധു സച്ചിൻ ധൻഗറിലേക്കും അവിടെ നിന്ന് കേരളത്തിലെ ഹോസ്റ്റലിലേക്കുമാണ് ചോദ്യങ്ങൾ കൈമാറിയതെന്നാണ് കുറ്റപത്രത്തിലെ വിശദീകരണം.
നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻ.ടി.എ.) ചില വിദഗ്ധരാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ചോദ്യങ്ങൾ ചെറിയ കടലാസുകളിൽ കുറിച്ചും മനഃപാഠമാക്കിയും പരീക്ഷാ കേന്ദ്രത്തിൽ നിന്ന് പുറത്തുകടത്തിയശേഷം ഹോട്ടൽ മുറിയിൽ രേഖപ്പെടുത്തി വിവിധ ഇടനിലക്കാർക്ക് കൈമാറുകയായിരുന്നു. ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ചോർച്ച നടന്നതെന്നും സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് പ്രതികൾ പദ്ധതി നടപ്പാക്കിയതെന്നും അന്വേഷണത്തിൽ പറയുന്നു.
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ചോർന്ന ചോദ്യങ്ങൾ കൈമാറിയത്. സുരക്ഷാ ഉറപ്പെന്ന നിലയിൽ വിദ്യാർഥികളുടെ സ്കൂൾ സർട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇടനിലക്കാർ കൈവശം വെച്ചിരുന്നതായും സി.ബി.ഐ. കണ്ടെത്തി.
ചോർച്ചാ വിവാദത്തെ തുടർന്ന് മേയ് 3-ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. കേസിൽ എൻ.ടി.എ. വിദഗ്ധരും ഇടനിലക്കാരും ഉൾപ്പെടെ 13 പേർക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.




