സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസവസ്തുക്കൾ ചേർത്ത് വ്യാജ നാടൻ നെയ്യ് നിർമിച്ച ഡയറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഡയറി യൂണിറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതോതിൽ വ്യാജ നെയ്യ് പിടിച്ചെടുത്തത്.
പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, നിറങ്ങൾ എന്നിവ ചേർത്ത് യഥാർഥ നെയ്യുടെ മണവും രുചിയും അനുകരിച്ചാണ് വ്യാജ ഉൽപന്നം നിർമിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത നെയ്യിന്റെ സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി ഫുഡ് ആൻഡ് ഡ്രഗ്‌സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കൂടുതൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് വ്യാജ നെയ്യ് നിർമാണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഡയറി ഉടമയെ അറസ്റ്റ് ചെയ്തതോടൊപ്പം ഈ ശൃംഖലയിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഉത്സവ സീസൺ മുന്നിൽക്കണ്ട് വ്യാജ ഭക്ഷ്യഉൽപന്നങ്ങൾ വ്യാപകമായി വിപണിയിലെത്താൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം പരിശോധനകൾ ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അറിയിച്ചു.




