കൊച്ചി: അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് കൂട്ടാളികളെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ ഇവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഒളിവിലുള്ള അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഒളിയിടത്തിൽ എത്തി പ്രതിയെ പിടികൂടാനാണ് പൊലീസ് നീക്കം. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, പൊലീസ് നടപടികളെ വെല്ലുവിളിച്ച് അർജുൻ ആയങ്കി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും കഴിയുമെങ്കിൽ പിടികൂടാമെന്നും പറഞ്ഞ് ഇയാൾ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ആഭ്യന്തര മന്ത്രിക്കെതിരെയും ഇയാൾ പരാമർശങ്ങൾ നടത്തിയിരുന്നു.
എന്നാൽ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് അർജുൻ ആയങ്കി രംഗത്തെത്തി. കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും എന്നാൽ പൊലീസ് സുഹൃത്തുക്കളെ പിന്തുടർന്ന് എത്തിയെന്നുമാണ് ഇയാളുടെ പ്രതികരണം.
സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ കഴിഞ്ഞ മെയ് മാസത്തിലാണ് അർജുൻ ആയങ്കിയെയും മറ്റ് ആറുപേരെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.




