തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ, ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി’.-എന്നായിരുന്നു കേരള ഗവൺമെന്റിന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം.




