ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ 62-കാരനെ നാലുദിവസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡൽഹി സ്വദേശിയും സോഫ്റ്റ്‌വെയർ കൺസൾട്ടന്റുമായ കമൽ സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്.
ജൂലൈ 30-ന് ഡൽഹിയിലെ വീട്ടിൽവെച്ചാണ് ഭാര്യ കോമൾ സിങ്ങിനെ കമൽ സിങ് വാളുകൊണ്ടും കത്രികകൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കൈവശമെടുത്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു.
ദമ്പതികൾക്കിടയിൽ ഏറെനാളായി ദാമ്പത്യപ്രശ്നങ്ങളും സ്വത്ത് തർക്കവും നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. ജഗത്പുരിയിൽ പുതിയ ഭൂമി വാങ്ങാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെബ് സീരീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
സംഭവദിവസം ഉച്ചയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. മകൻ ലൈബ്രറിയിലേക്കും മകൾ ജോലിക്കുമാണ് പോയിരുന്നത്. വീട്ടുജോലിക്കാരി മടങ്ങിയതിന് പിന്നാലെ, ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കുകയായിരുന്ന കോമൾ സിങ്ങിനെ പിന്നിൽനിന്ന് വാളുപയോഗിച്ച് ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന പ്രതി ഹാളിൽവെച്ച് കത്രിക ഉപയോഗിച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ മരിച്ചതായി ഉറപ്പാക്കിയ ശേഷം പ്രതി രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും ബാഗിലാക്കി, കുളിച്ച് വസ്ത്രംമാറിയ ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച ഏഴ് ലക്ഷത്തിലധികം രൂപയും ഉൾപ്പെടെ ഏകദേശം 12.75 ലക്ഷം രൂപ കൈവശപ്പെടുത്തിയാണ് പ്രതി കടന്നുകളഞ്ഞത്.
രാത്രിയിൽ വീട്ടിലെത്തിയ മകനാണ് അമ്മയെ ചോരയിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഗോരഖ്പുരിലൂടെ നേപ്പാളിലേക്ക് കടക്കാനാണ് പ്രതി ശ്രമിക്കുന്നതെന്നായിരുന്നു ആദ്യം സംശയം. എന്നാൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി മഥുരയിലേക്ക് മാറിയതായി അന്വേഷണത്തിൽ വ്യക്തമായി.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മഥുര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കമൽ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്കൂട്ടറും വീട്ടിൽനിന്ന് കൊണ്ടുപോയ പണവും പൊലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ, വെബ് സീരീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതുമെന്നാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു.
ഒരുവർഷത്തിലേറെയായി ദമ്പതികൾ തമ്മിൽ ഗുരുതര അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായും ഇരുവരും ഒരേ വീട്ടിൽ വ്യത്യസ്ത മുറികളിലായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സമീപകാലത്ത് മറ്റൊരു സ്ത്രീയുമായുള്ള സൗഹൃദവും കുടുംബപ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നെങ്കിലും, സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


