തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കാതെ പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകി ഫിഷറീസ് മന്ത്രി. സംസ്ഥാന സർക്കാർ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ കരയിലും കടലിലും വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടർ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അറിയിച്ചു.
കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിലിന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കപ്പൽ, ഡോണിയർ വിമാനം, മറൈൻ പൊലീസ് ബോട്ടുകൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് വ്യാപകമായ തെരച്ചിൽ തുടരുകയാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും ഇതിനായി വിനിയോഗിക്കുന്നതായും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴി മേഖലയിൽ മുങ്ങൽ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ട കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചതായും ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകിയതായും പത്രക്കുറിപ്പിൽ പറയുന്നു. ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ നീണ്ടകരയിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വ്യോമതിരച്ചിലിന്റെ സമയം വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.




