ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കും അടുത്തിടെ ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന മുൻ ശിവസേന (ഉദ്ധവ് വിഭാഗം) എംപിമാർക്കും താൻ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ലോക്സഭ എംപിമാർക്കായി പ്രധാനമന്ത്രി സംഘടിപ്പിച്ച പ്രാതൽ വിരുന്നിലാണ് നരേന്ദ്രമോദി വിമത എംപിമാർക്കുള്ള ഉറപ്പ് നൽകിയത്. “എൻഡിഎ ഒരു കുടുംബമാണ്. ഘടകകക്ഷികൾക്കൊപ്പം നമ്മളുണ്ട്. ഓരോ വ്യക്തിക്കും അർഹമായ ബഹുമാനവും അവസരവും ലഭിക്കും. ഏതെങ്കിലും ഒരു ഘടകകക്ഷിയുടെ മാത്രമല്ല, എൻഡിഎയിലെ ഓരോ എം.പിയുടേയും ഒപ്പമാണ് ഞാൻ നിൽക്കുന്നത്. ആരെക്കുറിച്ചും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
45 എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ജനാധിപത്യത്തിന്റെ കോവിലാണ് പാര്‍ലമെന്റ് എന്ന് പറഞ്ഞ മോദി, പാര്‍ലമെന്റിലെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ കാരണം പുതിയ എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നഷ്ടമാകുന്നുവെന്നും എംപിമാരെ ഓര്‍മിപ്പിച്ചു. ‘ഇത് അവരോട് കാണിക്കുന്ന അനീതിയാണ്. പാര്‍ലമെന്റ് നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകേണ്ടതുണ്ട്’- മോദി പറഞ്ഞു.




