തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. സർക്കാർ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് രാവിലെ അഞ്ച് മണിയോടെ തിരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂബാ ടീം ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാസഹോദരി സ്റ്റെഫി പറഞ്ഞു.
തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും ചേർന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾ എത്തിയെങ്കിലും സ്‌കൂബാ ടീം അംഗങ്ങൾ എത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോസ്റ്റൽ പൊലീസ് പലരെയും ബന്ധപ്പെട്ടെങ്കിലും കടലിൽ ഇറങ്ങാൻ ആരും തയ്യാറായില്ലെന്നും സ്റ്റെഫി പറഞ്ഞു.
തിരച്ചിൽ വൈകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിൽ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ കടലിലുള്ള മത്സ്യത്തൊഴിലാളികൾക്കും കരയിൽ നിന്ന് എത്തിയവർക്കുമൊപ്പം തിരച്ചിൽ തുടരുകയാണെന്നും സ്റ്റെഫി വ്യക്തമാക്കി.
ഫിഷറീസ് വകുപ്പിന്റെ പ്രതിനിധികൾ എത്തിയിട്ടുണ്ട്. സ്‌കൂബാ ടീമിനെ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയിച്ചത്. രാവിലെ അഞ്ച് മണി മുതൽ സ്‌കൂബാ ടീമിനെയും ഉൾപ്പെടുത്തി തിരച്ചിൽ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. തിരച്ചിൽ വൈകുന്നതിനാൽ ഞങ്ങളുടെ ആളുകൾ സ്വന്തം നിലയിൽ തിരയുകയാണ്. സ്‌കൂബാ ടീം വന്നാലും ഇല്ലെങ്കിലും ഞങ്ങളുടെ രീതിയിൽ തിരച്ചിൽ തുടരും. സർക്കാർ നൽകിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഫി പറഞ്ഞു.
തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഷിജിനെ എത്രയും വേഗം കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കാലാവസ്ഥ രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ഷിജിൻ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായത്. നീണ്ടകരയിൽ നിന്നുള്ള ഗൗതം കൃഷ്ണ, വിഴിഞ്ഞത്ത് നിന്നുള്ള ജോൺ എന്നിവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്ന് പേരെയും കാണാതായിട്ട് എട്ട് ദിവസമായി.
തിരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബങ്ങൾ പ്രതിഷേധിക്കുന്നതിനിടയിലും ഇന്നെങ്കിലും പ്രിയപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. സർക്കാർ നടപടികൾ വൈകിയതിനെ തുടർന്ന് ഷിജിന്റെ സുഹൃത്തുക്കളായ സ്‌കൂബാ ഡൈവർമാർ നേരത്തെ സ്വന്തം നിലയിൽ കടലിൽ തിരച്ചിൽ നടത്തിയിരുന്നു.
നീണ്ടകര, വിഴിഞ്ഞം, മുതലപ്പൊഴി മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.




