ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടിനുള്ളിൽ 57കാരിയുടെ അസ്ഥികൂടം കണ്ടെത്തി. നഗസന്ദ്രയ്ക്ക് സമീപം ഹാവന്നൂർ ലേഔട്ടിൽ താമസിച്ചിരുന്ന ദാക്ഷായണിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു വർഷം മുമ്പ് മരണം സംഭവിച്ചതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി ദാക്ഷായണി വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
വെള്ളിയാഴ്ച വീടിന് സമീപത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ബാഗലഗുണ്ടെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദാക്ഷായണിയുടെ സഹോദരൻ മഹേഷ് ബസപ്പ ഗോരവനകൊള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദീർഘകാലം മരണം പുറംലോകം അറിയാതെ പോയതിന്റെ കാരണവും മരണസാഹചര്യങ്ങളും ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




