മോസ്‌കോ: സമുദ്ര വാണിജ്യ പാതകളിലെ സുരക്ഷാ ആശങ്കകളും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് റെയിൽ പാത എന്ന വൻപദ്ധതിയുമായി റഷ്യൻ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്‌നൂലിൻ രംഗത്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കടൽപ്പാതകൾ നേരിടുന്ന പതിസന്ധികളാണ് റഷ്യയെ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
യുക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടർന്ന് കരിങ്കടലിൽ ഡ്രോൺ ആക്രമണങ്ങൾ കൂടിയത് റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്ര തടസ്സപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ചെങ്കടൽ, ബോസ്ഫറസ്, ഹോർമുസ് എന്നീ പ്രധാന സമുദ്ര പാതകൾ സുരക്ഷിതമല്ലാതായി. നിലവിൽ റഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ ഇറാനിലെ ചബഹാർ തുറമുഖം വഴിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ യുഎസ് ഉപരോധങ്ങളും മിഡിൽ ഈസ്റ്റിലെ അസ്ഥിരതയും ഇതിന്റെ വേഗത കുറച്ചു.
മോസ്‌കോയിൽ നിന്ന് തുടങ്ങി തെക്കോട്ട് നാല് രാജ്യങ്ങൾ കടന്ന് ഇന്ത്യയിലേക്കെത്തുന്നതാണ് റഷ്യ നിർദേശിച്ച പുതിയ റെയിൽ ശൃംഖല. പദ്ധതി യാഥാർഥ്യമായാൽ കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും തുർക്ക്‌മെനിസ്ഥാനും വലിയ സാമ്പത്തിക പ്രയോജനം ലഭിക്കും. സാമ്പത്തികമായി ഏറെ ഗുണകരമാണെങ്കിലും രാഷ്ട്രീയമായി ഇത് നടപ്പിലാക്കിയെടുക്കുക അത്ര എളുപ്പമല്ല.


