കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്.
ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം, അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ ക്വട്ടേഷൻ സംഘാംഗത്തെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരായ കേസുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
തുടർന്ന് അജയ് ആയങ്കിയെ ജാമ്യത്തിലിറക്കാൻ സഹോദരൻ അഖിൽ ആയങ്കിയാണ് സ്റ്റേഷനിലെത്തിയത്. മാധ്യമങ്ങൾ തെറ്റായ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോപിച്ച് അഖിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മാധ്യമങ്ങളാണ് അജയിയെ കേസിൽ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി ജയിലിലേക്ക് മാറ്റി.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.


